Wednesday, November 23, 2011

അല്ഫുതം

അണ്ണാ... ഈ അല്ഫുതം എന്നുവെച്ചാല്‍ എന്താ

ഡേയ് , നിനക്ക് അതും അറിയത്തില്ലേ, ഈ പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍, അല്ലെങ്കില്‍ നമ്മുടെ ഭാവനക്ക് അപ്പുറത്തുള്ള കാര്യങ്ങള്‍ നടക്കുമ്പോള്‍ വരുന്ന ഒരു വികാരം ഇല്ലേ, ഒരു കണ്ണ് മിഴിപ്പ്... അതാ അല്ഫുതം

അണ്ണാ. എന്നുവെച്ചാല്‍......?

ഡേയ്, നിനക്ക് ഞാന്‍ ഇപ്പൊ ഒരു 500 രൂഫയുടെ നോട്ട് എടുത്തു തന്നു എന്ന് വെച്ചോ, അപ്പൊ നിനക്ക് എന്ത് തോന്നും?

ഒന്നും തോന്നില്ല, അതിനു മുന്നേ ഞാന്‍ ചങ്ക് പൊട്ടി ചാവും.

എന്നാലും, ആദ്യം നീ ഞെട്ടില്ലേ, അതാണ്‌ അല്ഫുതം.

ഈ വികാരങ്ങളെ നിയന്ത്രിക്കണം എന്നൊക്കെ കേട്ടിട്ടുണ്ട്. അപ്പൊ ഈ അല്ഫുതോം നിയന്ത്രിക്കണോ അണ്ണാ...?

ഡേയ്, മനുഷ്യന് അല്ഫുതം വേണം. അല്ഫുതത്തില്‍ നിന്നാണ് മനുഷ്യന്‍ ഇത്രയും വളര്ന്നെ. പക്ഷെ അല്ഫുതം എന്താണെന്നു കൂടെ മനസ്സിലാക്കണം. അതിനെ ശെരിയായ രീതിയില്‍ വഴിതിരിച്ചു വിടണം. അല്ലാതെ ഉത്തരം കിട്ടാത്തതെല്ലാം മായ എന്ന് പറഞ്ഞു ഒഴിയരുത്.

മായയോ, അത് ആരാ അണ്ണാ...?

എടാ ഡേയ്, മനുഷ്യന്‍ വെറും ഒരു ജീവിയാ, ഈ അനന്തകോടി പ്രപഞ്ചത്തില്‍. ഈ മനുഷ്യന് എത്ര നിറം കാണാം? VIBGYOR , പിന്നെ കറുപ്പും വെളുപ്പും. ഏതൊക്കെ ശബ്ദം കേള്‍ക്കാം? 20Hz നും 20000Hz നും ഇടയ്ക്കുള്ളത്. എത്ര മണം തിരിച്ചറിയാം? വളരെക്കുറച്ചു. എത്ര ദൂരം കാണാം? ഏതാനും വാര അകലെ. പക്ഷെ ഇതിന്റെ അപ്പുറത്തും ഇപ്പുറത്തും അനന്തമായ ലോകം ഉണ്ട്.

അണ്ണാ... എന്നുവെച്ചാല്‍....?

ഡാ.. ഈ VIBGYOR ഇന്റെ ഇപ്പുറത്ത് അള്‍ട്രാ വയലറ്റും അപ്പുറത്ത് ഇന്ഫ്രാ റെടും ഉണ്ടെന്നു അറിയാലോ. അത് കാണാന്‍ കഴിയുന്ന എത്രയോ ജീവജാലങ്ങള്‍, കീടങ്ങള്‍ വരെ ഉണ്ട്. നായകള്‍ക് നമ്മളെക്കാള്‍ കൂടുതല്‍ വ്യപ്തിയിലുള്ള ശബ്ദം കേള്‍ക്കാം. പൂച്ചക്കോ അപാര കാഴ്ചശക്തി ആണ്. വവ്വാലുകളുടെ അത്രയും കാര്യക്ഷമമായ റടാറുകള്‍
ഇല്ല. അതായത് നമ്മള്‍ നമ്മുടെ ചുരുങ്ങിയ സംവേദനക്ഷമത കൊണ്ട് മാത്രം കാണുന്നതല്ല ലോകം. അതിന്റെ എല്ലാ വശങ്ങളിലേക്കും അത് അനന്തമായി വ്യാപിച്ചു കിടക്കുന്നുണ്ട്. അപ്പൊ നമ്മുടെ അല്ഫുതത്തിനു എന്ത് പ്രസക്തി!!!

ഹ്മ്മം.... കൊള്ളാം അണ്ണാ. എന്നാലും?

ഈ അല്ഫുതം എന്ന് പറയുന്നത് നമ്മുടെ തലച്ചോറിലെ ഒരു തരംഗം മാത്രമാണ്. നമ്മുടെ മനസ്സിന് വെളിയില്‍, അതായത് ഈ ദ്രവ്യ ലോകത്ത് അങ്ങനെ ഒന്നില്ല, അവിടെ പ്രകൃതി, മലകള്‍, പുഴകള്‍, എവെരെസ്റ്റ് കൊടുമുടി, ബെര്മൂട ട്രയാങ്കിള്‍, ബ്ലാക്ക്‌ ഹോള്‍സ്, കല്ല്‌, മുള്ള്, ഉപ്പു, കര്‍പ്പൂരം, പൂവ്, ജീവജാലങ്ങള്‍, അമീബ മുതല്‍ നീല തിമിങ്ങലം വരെ, അതോക്കയെ ഉള്ളൂ. പ്രകൃതിക്ക് ഇതില്‍ ഒരു അല്ഫുതോം ഇല്ല, കാരണം പ്രകൃതിക്ക് ഇതെല്ലം അതില്‍ ഉള്‍കൊള്ളുന്ന, സാധാരണ ഘടകങ്ങള്‍ മാത്രം. അല്ഫുതം നമ്മള്‍ക് മാത്രമേ ഉള്ളൂ;

അപ്പോ അണ്ണാ, ഈ അല്ഫുതം ഇനി വേണ്ടേ?

തീര്‍ച്ചയായും വേണം. പക്ഷെ അല്ഫുതത്തിനു തെറ്റായ ഉത്തരം കൊടുക്കരുത്. ഞാന്‍ പറഞ്ഞത് പോലെ നമ്മുടെ ചുരുങ്ങിയ സംവേദനക്ഷമതക്കും ഭാവനക്കും അപ്പുറമുള്ള കാര്യങ്ങളും പ്രകൃതിയില്‍ ഉണ്ടെന്നു മനസ്സിലാക്കുക. അപ്പോള്‍ നിനക്ക് അല്ഫുതത്തിന്റെ രഹസ്യം പിടികിട്ടും. ശാസ്ത്രത്തോട്‌ ചോദിക്കുക. അതിനോട് ചേര്‍ന്ന് നടക്കുക. അപ്പോള്‍ പതിയെ പതിയെ നമുക്ക് ഉത്തരങ്ങള്‍ കിട്ടും.

Tuesday, November 15, 2011

നാച്ചുറലിസ്ടിക് പാന്തീയിസം

എന്താണ് നാച്ചുറലിസ്ടിക് പാന്തീയിസം? ഇത് ചോദിക്കുന്നതിനു മുന്‍പ് എന്താണ് നാച്ചുറലിസം, എന്താണ് പാന്തീയിസം എന്നിവ അറിയണം. വളരെ ലളിതമായി പറയാന്‍ ശ്രമിക്കാം.

നാച്ചുറലിസം:- നമ്മുടെ പ്രപഞ്ചം നിര്മിക്കപ്പെട്ടിരിക്കുന്നതും നിലനിന്നുപോകുന്നതും പ്രകൃത്യാ ഉള്ള മൂലകങ്ങളെയും ഘടകങ്ങളെയും അവ പരസ്പരം ബന്ധപ്പെടുന്ന ശാസ്ത്രീയമായ നിയമങ്ങളെയും ശക്തിയെയും ഊര്‍ജത്തെയും മാത്രം ആശ്രയിച്ചാണ്‌ എന്നുള്ള ഒരു നിഗമനം. പ്രകൃത്യാ പല പരിണാമങ്ങളിലൂടെയും ഉരുത്തിരിഞ്ഞു വന്ന നിയമങ്ങള്‍ ആണ് പ്രപഞ്ചത്തെ ചലിപ്പിക്കുന്നതെന്നും ശാസ്ത്രം ആണ് കാലാകാലങ്ങളില്‍ അത് നമുക്ക് മനസ്സിലാക്കി തരുന്നതെന്നും ഉള്ള അറിവ്. ഒരു ബാഹ്യ ശക്തി അഥവാ സൂപ്പര്‍ നാച്ചുറല്‍ ഫോഴ്സ് എന്നൊന്നില്‍ വിശ്വസിക്കുന്നില്ല എന്ന് സാരം.

പാന്തീയിസം:- ഈ പ്രകൃതി അഥവാ പ്രപഞ്ചവും ദൈവം അഥവാ ഡിവൈനിറ്റിയും ഒന്നാണെന്നുള്ള സങ്കല്‍പം. പാന്‍ (എല്ലാം), തിയോസ് (ദൈവം) എന്നീ ഗ്രീക്ക് വാക്കുകളില്‍നിന്നാണ് ഇതിന്റെ ഉത്ഭവം. പന്തീയിസ്റ്റുകള്‍ ഒരു ബാഹ്യ ശക്തി, സൂപ്പര്‍ നാച്ചുറല്‍ ഫോഴ്സ്, അല്ലെങ്കില്‍ രണ്ടാമതൊരു ദൈവം എന്നതില്‍ വിശ്വസിക്കുന്നില്ല.

ഇത് രണ്ടും കൂടെ സംയോജിപ്പിക്കിമ്പോള്‍ നാച്ചുറലിസ്ടിക് പാന്തീയിസം എന്താണെന്നു നമുക്ക് എളുപ്പം മനസ്സിലാകും. അതായത് ശാസ്ത്രത്തിലും യുക്തിചിന്തയിലും അടിയുറച്ചു നിന്നുകൊണ്ട്, പ്രകൃതി അഥവാ പ്രപഞ്ചവും അതിലെ നിയമങ്ങളും ഘടകങ്ങളും അതിന്റെ സന്കുലിതാവസ്ഥയും തന്നെയാണ് ദൈവം, അതിനെ ആരാധിക്കുക അല്ല മറിച്ചു നമ്മളും അതിലെ ഒരു ഭാഗമാണ് അഥവാ അത് നമ്മളും കൂടെ ആണ് എന്നുള്ള ഒരു ബോധവും ആണ് നാച്ചുറലിസ്ടിക് പാന്തീയിസം.

എന്തുകൊണ്ട് നാച്ചുറലിസ്ടിക് പാന്തീയിസം? എന്തുകൊണ്ട് എതീയിസ്റ്റ് അല്ല? എന്താണ് ഇവ രണ്ടും തമ്മിലുള്ള വെത്യാസം?
എതീയിസം എന്നാല്‍ എല്ലാ വിശ്വാസങ്ങളെയും തിരസ്കരിക്കുക എന്നതാണ്. ശുദ്ധമായ മെറ്റീരിയലിസം. എന്നാല്‍ നേരെ മറിച്ചു നാച്ചുറലിസ്ടിക് പാന്തീയിസം നമ്മള്‍ എന്താണ് വിശ്വസിക്കുന്നതെന്നു കൂടുതല്‍ പ്രാധാന്യത്തോടെ പറയുന്നു. അടിസ്ഥാനം മെറ്റീരിയലിസം ആണെങ്കിലും അതിന്റെ മുകളില്‍ പ്രകൃതിയോടും ചുറ്റുപാടുകളോടും ഉള്ള ഒരു ബന്ധം അല്ലെങ്കില്‍ ഒരു "റൊമാന്‍സ്" ഉള്ളവരും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നവര്‍ ആണ് നാച്ചുറലിസ്ടിക് പാന്തീയിസ്ടുകള്‍ എന്ന് ചുരുക്കം.

WPM (വേള്‍ഡ് പന്തീയിസ്ടിക് മൂവ്മെന്റ്) എന്നൊരു സംഘടന ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. (http://www.pantheism.net/) ഈ ലേഖകനും അതില്‍ ഒരു അംഗം ആണ്. ഇതിന്റെ പ്രധാന വിശ്വാസ പ്രമാണങ്ങള്‍:

പ്രകൃതിയോടും വിശാല പ്രപഞ്ചത്തോടുമുള്ള സ്നേഹം, ബഹുമാനം അത്ഭുതം, നമ്മളും അതിന്റെ ഭാഗമാനെന്നുള്ള വിശ്വാസം.

എല്ലാ ജീവജാലങ്ങളോടും അവരുടെ അവകാശങ്ങളോടും ഉള്ള ബഹുമാനവും സംരക്ഷണാബോധവും

ഈ മനോഹരഭൂമിയില്‍ നമുക്ക് കിട്ടിയിട്ടുള്ള ജീവിതം ആസ്വദിക്കുക.

നമ്മുടെ ഭാവനകള്ക് അതീതമായി ഈ യഥാര്‍ത്ഥ ലോകം ഉണ്ടെന്നു അന്ഗീകരിക്കുക.

സൂപ്പര്‍ നാച്ചുറല്‍ ശക്തികളിന്മേല്‍ വിശ്വസിക്കാതിരിക്കുക.

ശാസ്ത്രം, യുക്തിചിന്ത, തെളിവ് എന്നിവയോടുള്ള വിശ്വാസം ആദരം. ശാസ്ത്രമാണ് പ്രപഞ്ച രഹസ്യങ്ങളെ നമുക്ക് മനസ്സിലാക്കിതരുന്നതെന്ന അറിവ്.

മതപരവും അതിനോടനുബന്ധിച്ച വിശ്വാസങ്ങളില്‍ നിന്നുമുള്ള സ്വാതന്ത്ര്യം. മതം, ആചാരങ്ങള്‍ എന്നിവയില്‍നിന്നും സ്റ്റേറ്റിനെ വേര്‍തിരിക്കുക എന്നുള്ള ആവശ്യം

Saturday, November 12, 2011

ഫാള്‍


മഞ്ഞകള്‍കിടയിലെ ചുവപ്പന്‍...! ഫാള്‍ സീസണ്‍ പോര്ട്രയ്റ്റ്

Monday, November 7, 2011

'മത' ക്കുട്ടി

നമ്മള്‍ എപ്പോഴും പറയുകയും അങ്ങിനെയാണെന്ന് കരുതുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു വലിയ തെറ്റിധാരണയെക്കുറിച്ചു രണ്ടു വാക്ക്. ബൈജു ഒരു ഹിന്ദു കുട്ടിയാണ്, ഷിബു ഒരു മുസ്ലിം കുഞ്ഞാണ് അഥവാ ആന്‍ ഒരു ക്രിസ്ത്യന്‍ ബാലികയാണ്. ...!!!??? പിന്നീട് അതില്‍നിന്നും അതിന്റെ സബ് കാറ്റഗറിയിലേക്ക്.

ശാസ്ത്രീമായി മനുഷ്യനെ വേര്‍തിരിക്കുന്നത് ആണ്‍ എന്നും പെണ്‍ എന്നും ആണ്. പിന്നീട് ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് ആഫ്രിക്കന്‍, കൊക്കെഷന്‍, ഏഷ്യന്‍ എന്നൊക്കെ തരാം തിരിക്കാം. ഒരു മനുഷ്യന്റെ രക്തം, കോശങ്ങള്‍, എല്ല്, മുടി അങ്ങിനെയുള്ള മിക്ക ഭാഗങ്ങളില്‍നിന്നും അയാളുടെ ശാരീരിക പ്രത്യേകതകള്‍ കണ്ടുപിടിക്കാന്‍ ഇന്ന് ശാസ്ത്രത്തിനു കഴിയും. എന്നാല്‍ അയാള്‍ ഏതു മതത്തില്‍ പെട്ടതാണ്, അതില്‍ തന്നെ ഏതു വിഭാഗമാണ്‌, ജാതി ആണ് എന്ന് ഒരു ശരീരകോശത്തിലും എഴുതിവെച്ചിട്ടില്ല.

ആദ്യം തന്നെ പറയട്ടെ, മതം എന്നുള്ളത് ഒരു വിശ്വാസം ആണ്. ഒരാള്‍ ഒരു മതത്തിന്റെ വിശ്വാസ പ്രമാണങ്ങളും, ആശയങ്ങളും, മത ഗ്രന്ഥങ്ങളും, പ്രവാചകരെയും ആ മതത്തിനു ദൈവം ഉണ്ടെങ്കില്‍ അതിനെയും വിശ്വസിക്കുമ്പോഴാണ് അയാള്‍ ആ മതത്തില്‍ ഒരംഗം ആവുന്നത്. മതം പൂര്‍ണമായും മാനസികമായ ഒരു കാര്യം ആയതിനാല്‍, ശര്രീരികമായി ഒരാള്‍ ഒരിക്കലും അതാവുന്നില്ല. ഒരാള്‍ ഒരു പ്രത്യേക മത വിഭാഗത്തില്‍ ശെരിക്കും വിശ്വസിക്കുന്നത് അഥവാ വിശ്വസിക്കേണ്ടത് അയാള്‍ക് പ്രായപൂര്‍ത്തി ആയതിനുശേഷം സ്വയം അതിനെക്കുറിച്ച് പഠിച്ചു അതില്‍ ആകൃഷ്ടനായി എങ്കില്‍ മാത്രമാണ്. ഒരു കുഞ്ഞ് അല്ലെങ്കില്‍ ബാലന്‍ / ബാലിക ഇത് മനസ്സിലാക്കാന്‍ കഴിയാത്തത്ര വളരെ ചെറുപ്പമാണ്. അച്ഛനും അമ്മയും ഓരോ മതങ്ങളില്‍ വിശ്വസിക്കുന്നു എന്ന് വെച്ച് കുഞ്ഞ് അതെ മതത്തിലെ അംഗം അല്ല. അത് സ്വതന്ത്രമാണ്. അച്ഛന്റെയോ അമ്മയുടെയോ 'മതം' എന്നാ വിശ്വാസം ഒരു ജീനില്കൂടെയോ, രക്തതില്കൂടെയോ കുഞ്ഞിലേക്ക് പകരുന്നില്ല. ഇപ്പോള്‍ അവര്‍ ശരീരം മാത്രമാണ്. അവരുടെ ശരീരത്തോടൊപ്പം മനസ്സും വളരുന്നുണ്ട്‌. ആ മനസ്സിനെ സ്വതന്ത്രമായി വളരാന്‍ വിടുക. അവര്‍ ഇന്ന മതത്തില്‍ ആണെന്ന് (എങ്ങനെ ആവും??) അടിചെല്പിക്കാതെ അവര്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ ഉള്ള ചിന്താശക്തി സ്വരുകൂട്ടന്‍ സഹായിക്കുക. ഇനി അഥവാ അവര്‍ മതത്തില്‍ ആക്രിഷ്ടരാവുന്നില്ലെങ്കില്‍ അങ്ങനെ വിടുക (നന്ന്).

ഒന്നുകൂടെ പറയട്ടെ, ക്രിസ്ത്യന്‍ കുട്ടി, മുസ്ലിം കുട്ടി, ഹിന്ദുക്കുട്ടി എന്നിങ്ങനെ കുട്ടികള്‍ ഇല്ല. അങ്ങനെ ശാസ്ത്രീയമായ ഒരു വേര്‍തിരിവ് ഒരു കുഞ്ഞിനു ഇല്ല. ക്രിസ്ത്യന്‍ രക്ഷിതാക്കളുടെ കുട്ടി, ഹിന്ദു രക്ഷിതാക്കളുടെ കുട്ടി, മുസ്ലിം രക്ഷിതാക്കളുടെ കുട്ടി അല്ലെങ്കില്‍ സമ്മിശ്ര മതത്തില്‍ വിശ്വസിക്കുന്ന രക്ഷിതാക്കളുടെ കുട്ടി എന്നെ ഉള്ളൂ. കുട്ടി ഒരു കുട്ടി മാത്രമാണ്. അവന്‍ / അവള്‍ എന്താണെന്ന് അവര്‍ തീരുമാനിക്കും.

എല്ലാവരോടും ഒരപേക്ഷ, കുഞ്ഞുങ്ങളെ ലേബല്‍ ചെയ്യാതെ സ്വതന്ത്രരാക്കി വളര്‍ത്തൂ...പ്ലീസ്‌

Friday, September 30, 2011

ശാസ്ത്രം എന്ന മണ്ടത്തരംമകന്‍: ഗുഡ് മോര്‍ണിംഗ് അച്ഛാ,

അച്ഛന്‍: സുപ്രഭാതം മോനെ

മകന്‍: അറിയാനുള്ള ആഗ്രഹം കൊണ്ട് ഞാന്‍ പൊറുതി മുട്ടി ഇരിക്കുന്നു. ഇന്ന് എന്തൊക്കെയാണ് അച്ഛന്‍ എനിക്ക് പറഞ്ഞുതരാന്‍ പോകുന്നത്?

അച്ഛന്‍: മോനെ, ആദ്യം തന്നെ ഒന്ന് പറയട്ടെ. കൂടുതല്‍ അറിയാനുള്ള ആഗ്രഹം നല്ലതല്ല. അത് നിന്നെ തെറ്റായ വഴികളിലേക്കും നിഷേധത്തിലേക്കും നയിക്കും. ജീവിച്ചു പോകാനുള്ള സൂത്രപ്പണികള്‍ മാത്രം അറിയുക. നിനക്ക് വേണ്ടത് ശാസ്ത്രം എന്ന ആ മരമണ്ടന്‍ ആശയം കൊണ്ടുതരും. അത് ഉപയോഗിച്ച് വളച്ചൊടിച്ചു നീ അങ്ങ് ജീവിച്ചാല്‍ മതി.

മകന്‍: അപ്പോള്‍ ശാസ്ത്രം ഒരു മരമണ്ടന്‍ ആശയം ആണോ? ശാസ്ത്രഞ്ഞന്മാരോ? ഈ കണ്ടുപിടിത്തങ്ങള്‍?

അച്ഛന്‍: പിന്നല്ലാതെ...! മണ്ടത്തരവും അതെ സമയം കബളിപ്പിക്കലും. ഇത്രാമത്തെ കൊല്ലവര്‍ഷം, ഇത്രാം തിയ്യതി ഇത് കണ്ടുപിടിക്കും എന്ന് മുകളിലെ കണക്കു പുസ്തകത്തില്‍ എന്നേ എഴുതിവെച്ചിട്ടുണ്ട്. പല prototype ഇന്റെയും ചിത്രങ്ങള്‍ സഹിതം. ഈ മരമണ്ടന്മാര്‍ അവര്‍ക്ക് മുകളില്‍നിന്നും കിട്ടുന്ന പാര്‍സല്‍ പൊട്ടിച്ചു നമ്മളെ കാണിച്ചു തരുന്നു,

മകന്‍: എങ്കില്‍ പിന്നെ എന്തിനാണ് ഈ ശാസ്ത്രഞ്ജന്മാര്‍? വേറെ ആരെങ്കിലും വഴി ഈ പാര്‍സല്‍ അയച്ചാല്‍ പോരെ?

അച്ഛന്‍: ഹേ, അതില്‍ ഒരു രസം ഇല്ല. ഈ മണ്ടന്‍ ശാസ്ത്രഞ്ജന്മാര്‍ കുറെ നാള്‍ തല പുണ്ണാക്കി ആലോചിച്ചു അവസാനഘട്ടം വരെ എത്തുമ്പോള്‍ ആണ് ഈ പാര്‍സല്‍ മുകളില്‍ നിന്നും വരുന്നത്. അതിനു വേണ്ട സുപ്രധാന ഘടകവുമായി. അങ്ങനെ അവരെ മണ്ടന്മാര്‍ ആക്കി രസിക്കാന്‍ വേണ്ടിയാണ് ഈ എര്പാട്.

മകന്‍: ഇപ്പോഴും പൂര്‍ണമായും മനസ്സിലായില്ല!

അച്ഛന്‍: ഞാന്‍ പറഞ്ഞല്ലോ പൂര്‍ണമായി മനസ്സിലാക്കരുതെന്നു. എന്നാലും നിനക്കുവേണ്ടി ഒരു ഉദാഹരണം പറയാം. കാര്‍ കണ്ടുപിടിച്ചത് ആരാണെന്നും എന്നാണെന്നും അറിയുമോ?

മകന്‍: 1885 ഇല് കാള്‍ ബെന്‍സ് എന്ന ജര്‍മ്മന്‍ എന്‍ജിനീയര്‍ അല്ലെ മോറ്റൊര്‍വാഗന്‍ എന്ന ആധുനിക കാര്‍ കണ്ടുപിടിച്ചത്.

അച്ഛന്‍: ഹഹ, അല്ല നിനക്ക് തെറ്റി. കോടിക്കണക്കിനു വര്ഷം മുന്‍പുതന്നെ ആ കാറിന്റെ prototype മുകളിലെ പുസ്തകത്തില്‍ വരച്ചു വെച്ചിരുന്നു. 1885 വരെ ഷാസിയും വീലുകളും മാത്രമേ കാള്‍ ബെന്‍സ് എന്ന മണ്ടന് കിട്ടിയിരുന്നുള്ളൂ. 1885 ഇലാണ് മുകളില്‍ നിന്നും എഞ്ചിന്‍ പാര്‍സല്‍ ആയി എത്തിയത്. അങ്ങേര്‍ അതെടുത്തു കാറിന്റെ ഉള്ളില്‍ വച്ചു, അതാ കാര്‍ തയ്യാര്‍!

മകന്‍: ഹോ ഇത് ഇത്ര എളുപ്പമായിരുന്നോ? ഞാന്‍ അറിഞ്ഞിരുന്നില്ല. എന്തായാലും പുതിയ കണ്ടുപിടിത്തങ്ങള്‍ പാര്‍സല്‍ ആയി വരും എന്നുള്ളതുകൊണ്ട് ഞാന്‍ ഇനി ഒന്നും പഠിക്കുന്നുമില്ല. എന്തെങ്കിലും അറിയാത്തത് വരുമ്പോള്‍ മുകളിലേക്ക് നോക്കിയാല്‍ മതിയല്ലോ.

അച്ഛന്‍: അത് തന്നെ, ഇപ്പോള്‍ നിനക്കും ശെരിക്കുമുള്ള ആത്മീയ വിവരം വെച്ചുതുടങ്ങി. വാ മോനെ നമുക്ക് ഓരോ ബോണ്ടേം ചായേം കഴിക്കാം..

മകന്‍: ശെരി അച്ഛാ....

(അവര്‍ കഴിഞ്ഞവര്‍ഷം ഫോര്‍ഡ് കമ്പനിക്കു പാര്‍സല്‍ ആയ കിട്ടിയ ഫോകസ് എന്ന കാറില്‍ കയറി ചായക്കടയിലേക്ക് പോയി)