Friday, September 30, 2011

ശാസ്ത്രം എന്ന മണ്ടത്തരം



മകന്‍: ഗുഡ് മോര്‍ണിംഗ് അച്ഛാ,

അച്ഛന്‍: സുപ്രഭാതം മോനെ

മകന്‍: അറിയാനുള്ള ആഗ്രഹം കൊണ്ട് ഞാന്‍ പൊറുതി മുട്ടി ഇരിക്കുന്നു. ഇന്ന് എന്തൊക്കെയാണ് അച്ഛന്‍ എനിക്ക് പറഞ്ഞുതരാന്‍ പോകുന്നത്?

അച്ഛന്‍: മോനെ, ആദ്യം തന്നെ ഒന്ന് പറയട്ടെ. കൂടുതല്‍ അറിയാനുള്ള ആഗ്രഹം നല്ലതല്ല. അത് നിന്നെ തെറ്റായ വഴികളിലേക്കും നിഷേധത്തിലേക്കും നയിക്കും. ജീവിച്ചു പോകാനുള്ള സൂത്രപ്പണികള്‍ മാത്രം അറിയുക. നിനക്ക് വേണ്ടത് ശാസ്ത്രം എന്ന ആ മരമണ്ടന്‍ ആശയം കൊണ്ടുതരും. അത് ഉപയോഗിച്ച് വളച്ചൊടിച്ചു നീ അങ്ങ് ജീവിച്ചാല്‍ മതി.

മകന്‍: അപ്പോള്‍ ശാസ്ത്രം ഒരു മരമണ്ടന്‍ ആശയം ആണോ? ശാസ്ത്രഞ്ഞന്മാരോ? ഈ കണ്ടുപിടിത്തങ്ങള്‍?

അച്ഛന്‍: പിന്നല്ലാതെ...! മണ്ടത്തരവും അതെ സമയം കബളിപ്പിക്കലും. ഇത്രാമത്തെ കൊല്ലവര്‍ഷം, ഇത്രാം തിയ്യതി ഇത് കണ്ടുപിടിക്കും എന്ന് മുകളിലെ കണക്കു പുസ്തകത്തില്‍ എന്നേ എഴുതിവെച്ചിട്ടുണ്ട്. പല prototype ഇന്റെയും ചിത്രങ്ങള്‍ സഹിതം. ഈ മരമണ്ടന്മാര്‍ അവര്‍ക്ക് മുകളില്‍നിന്നും കിട്ടുന്ന പാര്‍സല്‍ പൊട്ടിച്ചു നമ്മളെ കാണിച്ചു തരുന്നു,

മകന്‍: എങ്കില്‍ പിന്നെ എന്തിനാണ് ഈ ശാസ്ത്രഞ്ജന്മാര്‍? വേറെ ആരെങ്കിലും വഴി ഈ പാര്‍സല്‍ അയച്ചാല്‍ പോരെ?

അച്ഛന്‍: ഹേ, അതില്‍ ഒരു രസം ഇല്ല. ഈ മണ്ടന്‍ ശാസ്ത്രഞ്ജന്മാര്‍ കുറെ നാള്‍ തല പുണ്ണാക്കി ആലോചിച്ചു അവസാനഘട്ടം വരെ എത്തുമ്പോള്‍ ആണ് ഈ പാര്‍സല്‍ മുകളില്‍ നിന്നും വരുന്നത്. അതിനു വേണ്ട സുപ്രധാന ഘടകവുമായി. അങ്ങനെ അവരെ മണ്ടന്മാര്‍ ആക്കി രസിക്കാന്‍ വേണ്ടിയാണ് ഈ എര്പാട്.

മകന്‍: ഇപ്പോഴും പൂര്‍ണമായും മനസ്സിലായില്ല!

അച്ഛന്‍: ഞാന്‍ പറഞ്ഞല്ലോ പൂര്‍ണമായി മനസ്സിലാക്കരുതെന്നു. എന്നാലും നിനക്കുവേണ്ടി ഒരു ഉദാഹരണം പറയാം. കാര്‍ കണ്ടുപിടിച്ചത് ആരാണെന്നും എന്നാണെന്നും അറിയുമോ?

മകന്‍: 1885 ഇല് കാള്‍ ബെന്‍സ് എന്ന ജര്‍മ്മന്‍ എന്‍ജിനീയര്‍ അല്ലെ മോറ്റൊര്‍വാഗന്‍ എന്ന ആധുനിക കാര്‍ കണ്ടുപിടിച്ചത്.

അച്ഛന്‍: ഹഹ, അല്ല നിനക്ക് തെറ്റി. കോടിക്കണക്കിനു വര്ഷം മുന്‍പുതന്നെ ആ കാറിന്റെ prototype മുകളിലെ പുസ്തകത്തില്‍ വരച്ചു വെച്ചിരുന്നു. 1885 വരെ ഷാസിയും വീലുകളും മാത്രമേ കാള്‍ ബെന്‍സ് എന്ന മണ്ടന് കിട്ടിയിരുന്നുള്ളൂ. 1885 ഇലാണ് മുകളില്‍ നിന്നും എഞ്ചിന്‍ പാര്‍സല്‍ ആയി എത്തിയത്. അങ്ങേര്‍ അതെടുത്തു കാറിന്റെ ഉള്ളില്‍ വച്ചു, അതാ കാര്‍ തയ്യാര്‍!

മകന്‍: ഹോ ഇത് ഇത്ര എളുപ്പമായിരുന്നോ? ഞാന്‍ അറിഞ്ഞിരുന്നില്ല. എന്തായാലും പുതിയ കണ്ടുപിടിത്തങ്ങള്‍ പാര്‍സല്‍ ആയി വരും എന്നുള്ളതുകൊണ്ട് ഞാന്‍ ഇനി ഒന്നും പഠിക്കുന്നുമില്ല. എന്തെങ്കിലും അറിയാത്തത് വരുമ്പോള്‍ മുകളിലേക്ക് നോക്കിയാല്‍ മതിയല്ലോ.

അച്ഛന്‍: അത് തന്നെ, ഇപ്പോള്‍ നിനക്കും ശെരിക്കുമുള്ള ആത്മീയ വിവരം വെച്ചുതുടങ്ങി. വാ മോനെ നമുക്ക് ഓരോ ബോണ്ടേം ചായേം കഴിക്കാം..

മകന്‍: ശെരി അച്ഛാ....

(അവര്‍ കഴിഞ്ഞവര്‍ഷം ഫോര്‍ഡ് കമ്പനിക്കു പാര്‍സല്‍ ആയ കിട്ടിയ ഫോകസ് എന്ന കാറില്‍ കയറി ചായക്കടയിലേക്ക് പോയി)