Friday, April 12, 2013

ഒരു ഗോള്ടെൻ ഗേറ്റ് ബ്രിഡ്ജ് ഫോട്ടോ ഷൂട്ട്‌ യാത്ര


സിലിക്കണ്‍ വാലി, ഐ ടി യുടെ കേന്ദ്രം. എനിക്കും ഉണ്ട് ഒരു പ്രധാന ഓഫീസ് അവിടെ. കാലിഫോർണിയയുടെ വടക്ക് പടിഞ്ഞാറുള്ള ഈ മനോഹര ചെറു നഗരമാണ് ഇൻഫർമേഷൻ ടെക്നോളജി യുടെ കേന്ദ്രം.
ഇവിടെ 4 ദിവസത്തെ ജോലിക്കായി എത്തിയ അന്ന് മുതൽ എന്റെ മനസ്സിൽ ബീജം കൊണ്ട സ്വപ്നമാണ് സാൻ ഫ്രാൻസിസ്കോ യിലെ പ്രസിദ്ധമായ ഗോള്ടെൻ ഗേറ്റ് ബ്രിഡ്ജ് ഇന്റെ ഒരു മനോഹര രാത്രി ദൃശ്യം പകർത്തണം എന്നത്. ആദ്യമായി ഒരു ഷോട്ടിന്റെ സ്വപ്നം, അല്ലെങ്കിൽ ഒരു സങ്കൽപം മുൻപേ രൂപം കൊള്ളുന്നത്‌ ഞാൻ അറിഞ്ഞു.

ഏപ്രിൽ 10 ബുധൻ, ട്രിപ്പിന്റെ അവസാന രാത്രി ഇതിനായി ഞാൻ തെരഞ്ഞെടുത്തു. 5 മണിയോടെ പണികൾ തീര്ക്കാം എന്ന് കരുതിയെങ്കിലും 5:30 ആയി എല്ലാം ഒന്ന് ശെരിയായപ്പോൾ. കാർ റെന്റ് ചെയ്തു പോകണോ അതോ പബ്ലിക്‌ ട്രാന്സ്പോര്ട്ട് എടുക്കണോ? ഇതായിരുന്നു അടുത്ത ചോദ്യം. കാലിഫോർണിയയിൽ കാർ ആണ് ബുദ്ധിപരം എങ്കിലും ഞാൻ പബ്ലിക്‌ ട്രാന്സ്പോര്ട്ട് തന്നെ എന്ന് തീരുമാനിച്ചു. ഒരു ത്രിൽ വേണമല്ലോ.



ഓഫീസിന്റെ അടുത്ത് തന്നെയാണ് കാല്ട്രെയിൻ സ്റ്റേഷൻ. 5:40 നു സ്റ്റേഷനിൽ എത്തി, ടിക്കറ്റ്‌ മെഷീനിലിൽ നിന്നും ഒരു വണ്ണ്‍ ഡേ പാസ് എടുത്തു. 24 മണിക്കൂറിൽ ഇവിടം മുതൽ സാൻ ഫ്രാൻസിസ്കോ വരെ അങ്ങോട്ടും ഇങ്ങോട്ടും എത്ര വേണമെങ്കിലും പോകാം. കിറു കൃത്യം 5:58 നു ട്രെയിൻ പ്ലാട്ഫോര്മിൽ. ഡബിൾ ടെക്കെർ (രണ്ടു നിലയിൽ സീറ്റിങ്ങ്) ഉള്ള ലിമിറ്റഡ് സ്റ്റോപ്പ്‌ ട്രെയിൻ. അധികം ആളുകൾ ഇല്ല. മുകളിലത്തെ ഒരു ഒഴിഞ്ഞ സീറ്റിൽ ഞാൻ സ്ഥാനം പിടിച്ചു. സിറ്റിയുടെയും പ്രധാന  റെസിടെൻഷ്യൽ സ്ഥലങ്ങളുടെയും നടുവിലൂടെ പോകുന്നതുകൊണ്ട്‌ ദൃശ്യങ്ങൾ അത്ര മനോഹരമല്ല. എങ്കിലും വളരെ ശാന്തമായ ഒരു ട്രെയിൻ യാത്രയാണ് കാൽട്രെയിൻ.



ടൈം ടേബിൾ കാണിച്ചതുപോലെ കൃത്യം 7:01 നു സാൻ ഫ്രാൻസിസ്കോ സിറ്റി സ്റ്റേഷനിൽ എത്തി. നേരത്തെ ഓഫീസിൽ നിന്നും പ്രിന്റ്‌ ഔട്ട്‌ എടുത്ത മാപ്പ് കയ്യിൽ ഉണ്ടായിരുന്നു. ഇനി നമ്പർ 30 ബസ്‌ പിടിക്കണം. 15 മിനിറ്റിൽ സ്റെഷന്റെ മുന്നില് തന്നെയുള്ള സ്റ്റോപ്പിൽ ബസ്‌ വന്നു. ഞാൻ  അകത്തു കയറാൻ ശ്രമിക്കുംപോൾ ഡ്രൈവർ തടഞ്ഞു. ഇത് ഇറങ്ങാനുള്ള സ്ടോപ്പാണത്രേ. കയറാനുള്ളത്‌ റോഡ്‌ ക്രോസ് ചെയ്തു കഴിഞ്ഞ് ആണ്. എന്തായാലും അയാൾ എന്നെ കയറാൻ അനുവദിച്ചു. സ്റ്റോപ്പിൽ എത്തിയപ്പോൾ വീണ്ടും ഇറക്കി വിട്ടു :) 15 മിനിറ്റ് ബ്രേക്ക്‌ ആണ്. അത് കഴിഞ്ഞു സ്ടാര്ട്ട് ചെയ്യുമ്പോൾ കയറണം. അപ്പോഴേക്കും കുറെ ആളുകൾ വന്നു കഴിഞ്ഞിരുന്നു. ഒരു പക്ഷെ സ്ഥിരമായി ഈ ബസ്സിൽ പോകുന്നവർ. അവർ ക്ഷമയോടെ ബസ്‌ സ്ടാര്ട്ട് ചെയ്യുന്നതും നോക്കി നില്ക്കുന്നത് കണ്ടപ്പോൾ എനിക്കും സമാധാനമായി. 15 മിനിറ്റിൽ അടുത്ത യാത്ര തുടങ്ങി. കയറിയപ്പോൾ തന്നെ ഞാൻ ഡ്രൈവറോട് എന്റെ ലക്‌ഷ്യം പറഞ്ഞിരുന്നു. ബ്രിട്ജിനോട് അടുത്തുള്ള സ്ടോപ്പ് എത്തുമ്പോൾ പറയാം എന്ന് അയാൾ അറിയിച്ചു.

ഏകദേശം 30 മിനുട്ട് എടുത്തു കാണണം, സിറ്റിയുടെ ഹൃദയ ഭാഗം വിട്ടു ഒരു ഒഴിഞ്ഞ തെരുവിൽ എത്തിയപ്പോൾ ഡ്രൈവർ അറിയിച്ചു, ഗോള്ടെൻ ഗേറ്റ് ബ്രിഡ്ജ് ഇവിടെ ഇറങ്ങി അടുത്ത 28 നമ്പർ ബസ്‌ പിടിക്കുക. ഏകദേശം 10-15 മിനുട്ട് മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് മനസ്സിലാക്കിയ ഞാൻ ഒരു ടാക്സി പിടിച്ചു. 10 മിനിറ്റിൽ തന്നെ ബ്രിഡ്ജിന്റെ തെക്കേ അറ്റത്തുള്ള വിസ്റ്റ പോയിന്റിൽ എത്തി. നല്ല തണുപ്പുണ്ട്. കുറച്ചു ടൂറിസ്റ്റുകൾ ഫോട്ടോ എടുക്കുന്നു. സമയം 8:30 കഴിഞ്ഞു. അവിടെ നിന്നു കുറച്ചു ഷോട്ടുകൾ എടുത്തു. ഒരു ചൈനക്കാരി പെണ്ണ് ഓടി വന്നു. അവള്ല്ക് ബ്രിഡ്ജ് ബാക്ക്ഗ്രവുണ്ടായി ഒരു പടം വേണം. ക്യാമറ തന്നു. ഒരു പടം എടുത്തു കൊടുത്തു.



ഗോള്ടെൻ ഗേറ്റ് ബ്രിഡ്ജ്. ആധുനിക അമേരിക്കയുടെ ഒരു പ്രധാന ഐക്കണ്‍  ആണ്. പുതിയ അത്ഭുതങ്ങളിൽ ഒന്ന്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ എടുക്കപ്പെട്ട പാലങ്ങളിൽ ഒന്ന്. 25 മീറ്റർ വീതിയും 2.7 കി മി നീളവും ഉള്ള ഈ ബ്രിഡ്ജ് സാൻ ഫ്രാൻസിസ്കോ നഗരത്തെ പസിഫിക് സമുദ്രവുമായും അടുത്തുള്ള മാറിൻ കൌണ്ടി യുമായും ബന്ധിപ്പിക്കുന്നു. സ്റ്റീലുകൊണ്ട്  തൂക്കുപാലത്തിന്റെ എന്ജിനീയറിങ്ങിൽ നിർമിച്ചിരിക്കുന്ന പാലത്തിൽ 4 ലേനുകൾ ഓരോ ദിശയിലും ഉണ്ട്. ഈ പാലത്തിലൂടെ ഏകദേശം ഒരു ലക്ഷത്തിലധികം വാഹനങ്ങൾ ഒരു ദിവസം കടന്നു പോകുന്നു. കൂടാതെ സൈക്കിൾ, കാൽ നട യാത്രക്കാരും. വിന്റെർ സീസണ്‍ അവസാനിക്കാത്തതുകൊണ്ട് 9 മണികഴിഞ്ഞു കാൽ നട നിരോധനമാണ്. എനിക്ക് അപ്പുറത്ത് കടക്കണം. വടക്കുള്ള ചെറിയ കുന്നിൻ മുകളിൽ ഉള്ള പോയിന്റിൽ നിന്നാണ് ഏറ്റവും നല്ല ദൃശ്യം കിട്ടുക. ബസ്സോ ടാക്സിയോ ഒന്നുമില്ല. അപ്പോഴാണ് ഒരു പോലീസ് കാർ വന്നത്. ഒരു ചെറുപ്പക്കാരൻ സാൻ ഫ്രാൻസിസ്കോ പോലീസ് ഓഫീസർ. ഞാൻ അയാളോട് അപ്പുറത്ത് എത്താനുള്ള വഴി ചോദിച്ചു, കുറച്ചു നേരം ആലോചിച്ചതിനു ശേഷം,  ഞാൻ കേട്ടു "കം ഓണ്‍, ഐ വിൽ ഗിവ് യു എ റൈഡ്". പകുതി ഞെട്ടിയ ഞാൻ കാറിൽ കയറി. അങ്ങനെ ആദ്യമായി അമേരിക്കൻ പോലീസ് കാറിൽ ഒരു യാത്ര, ഓഫീസർ എന്നെ അപ്പുറത്തുള്ള ടൂറിസ്റ്റ് പോയിന്റിൽ ഇറക്കി വിട്ടു.  ബ്രിഡ്ജിന്റെ അടിയിലൂടെ കുന്നിൻ മുകളിൽ എത്താനുള്ള വഴിയും പറഞ്ഞു തന്നു. കുറച്ചു സന്ദർശകർ അവിടെയും ഉണ്ട്. ഓഫീസെറോട് നന്ദി പറഞ്ഞു ഞാൻ ടൂറിസ്റ്റുകളുടെ ഇടയിലേക്ക് നടന്നു.



ഒന്ന് രണ്ടു ചിത്രങ്ങൾ എടുത്ത ശേഷം ഞാൻ ബ്രിഡ്ജിന്റെ അടിയിലൂടെ അപ്പുറത്തുള്ള കുന്നിൻ മുകളിലേക്ക് കയറി തുടങ്ങി. ഏകദേശം 1 കി മി കുത്തനെയുള്ള റോഡ്‌. പിന്നെ റോഡിൽ നിന്നും ചെറിയ കാടിന്റെ ഇടയിലൂടെയുള്ള ഒറ്റയടിപ്പാത. രാത്രി 10 മണിക്ക് മൊബൈലിന്റെ വെളിച്ചത്തിൽ തനിച്ചുള്ള ആ കുന്നു കയറ്റം എനിക്ക് ശെരിക്കും ഹരം പകര്ന്നു. ഇതിനാണ് ഞാൻ വന്നത്. ഇതാണ് ഞാൻ. അവസാനം എന്റെ ലക്ഷ്യത്തിൽ എത്തിയപ്പോൾ എന്റെ ക്ഷീണമെല്ലാം ഞാൻ മറന്നിരുന്നു. മനോഹരമായ ബ്രിഡ്ജ് വെളിച്ചത്തിൽ കുളിച്ചു നില്ക്കുന്നു. ഏകദേശം മുഴുവൻ നീളവും കാണാം. പിന്നിൽ സാൻ ഫ്രാൻസിസ്കോ നഗരം. ഇത് വരെ കണ്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത ഒരു സാഹസികതയുടെ ഒരു സുഖവും ഹരവും ഞാൻ അറിഞ്ഞു.

ട്രൈപോഡ്‌ സെറ്റ് ചെയ്തു, ക്യാമറ ഉറപ്പിച്ചു. ഷോട്ടിനു വേണ്ടിയുള്ള ഫോക്കസ്, അപ്പെര്ച്ചുർ, ഷട്ടർ സ്പീഡ്, എല്ലാം ശെരിയാക്കി, ഞാൻ ചിത്രങ്ങൾ എടുക്കാൻ തുടങ്ങി. ജീവിതത്തിലെ ഒരേ ഒരു അവസരം ആകാം ഇത്. പിഴവുകൾ വരാൻ പാടില്ല. കഴിയുന്നത്ര ക്ലിക്ക് ചെയ്യുക, അപ്പോൾ നല്ല കുറച്ചു ചിത്രങ്ങൾ കിട്ടും. ഒരു പൊതു ഫോട്ടോഗ്രാഫർ തത്വം. 15 മിനിറ്റിൽ കുറെ ചിത്രങ്ങൾ. പ്രിവ്യു നോക്കി. കൊള്ളാം, കുറച്ചു നല്ല ചിത്രങ്ങൾ കിട്ടി.
ഒരു പക്ഷെ എന്റെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്ന്.



ഇനി തിരിച്ചു ഇറക്കം. കുന്നിറങ്ങി ബ്രിഡ്ജിന്റെ അടിയിലൂടെ വീണ്ടും വിസിറ്റെർസ് പോയിന്റിൽ. ടാക്സി കമ്പനിയെ വിളിച്ചു. ബ്രിഡ്ജിന്റെ വടക്കേ അറ്റത്തുനിന്നും അവർ പിക്ക് ചെയ്യില്ലത്രേ. അവസാനം ഞാൻ ബെല്ജിയതില്നിന്നും ഉള്ള ഒരു കുടുമ്പത്തെ പരിചയപ്പെട്ടു. അച്ഛൻ, അമ്മ, മകൻ. അവർ കാറിൽ എന്നെയും കൂടെ കൂട്ടി. തിരിച്ചു സിറ്റിയിലേക്ക്. അവരോടു ആ രാജ്യത്തെക്കുറിച്ചും അമേരിക്കയെക്കുറിച്ചും സംസാരിച്ചു ഏകദേശം 20 മിനിറ്റിൽ സിറ്റിയിൽ എത്തി. ഇറങ്ങി അവരോടു യാത്രയും നന്ദിയും പറയുമ്പോൾ യാത്രയുടെയും യാത്രക്കാരുടെയും ലോകം ഞാൻ ആസ്വദിച്ചു തുടങ്ങിയിരുന്നു. ഒരിടത്തും നില്കാത്ത യാത്ര.

അടുത്ത ടാക്സിയിൽ വേണ്ടും റെയിൽ വെ സ്റെഷനിലേക്ക്. എത്തിയപ്പോൾ 11:20 ആയി. ആവസാന ട്രെയിൻ 12:01 ആണ്. 11:50 വരെ സ്റെഷനിൽ ഇരുന്നു, പിന്നെ ഗേറ്റ് തുറന്നപ്പോൾ ട്രെയിനിൽ  കയറി വീണ്ടും ഒരു ഒഴിഞ്ഞ അപ്പർ സീറ്റിൽ സ്ഥാനം പിടിച്ചു. 1:25 നു വീണ്ടും സണ്ണി വേൽ. അതിനിടയിൽ ചിത്രങ്ങൾ കമ്പ്യൂട്ടർ ലേക്ക് കോപ്പി ചെയ്യാനും പ്രോസസ് ചെയ്യാനും സമയം കിട്ടി.



രാത്രി 1:30 നു സ്റ്റെഷൻ വിട്ടു ഹോട്ടലിലേക്ക് നടക്കുമ്പോൾ, എന്നെ വിട്ടു അകലുന്ന ട്രെയിൻ കുറെ നേരം ഞാൻ നോക്കി നിന്നു. അതെ ഇനിയും വരണം, യാത്രകൾ, ഒരിക്കലും അവസാനിക്കാത്തവയാവണം, അതിലെ ചിത്രങ്ങൾ, ഒരായിരം കഥകൾ പറയുന്നവയും...




1 comment: